Share this Article
News Malayalam 24x7
സംസ്ഥാനത്ത് കനത്ത ചൂട്: അതീവ ജാഗ്രതാ നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
Kerala Heatwave Alert

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അതോറിറ്റി അറിയിച്ചു.


പ്രധാന നിർദേശങ്ങൾ:

  • സമയക്രമം: പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

  • പാനീയങ്ങൾ: ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. ഒ.ആർ.എസ് ലായനി, സംഭാരം, ശുദ്ധജലം എന്നിവയ്ക്ക് മുൻഗണന നൽകണം.

  • വസ്ത്രധാരണം: അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യുക.

  • സ്കൂളുകൾക്ക് നിർദേശം: പരീക്ഷാ ഹാളുകളിലും ക്ലാസ് മുറികളിലും വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. ഉച്ചസമയത്തെ അസംബ്ലികളും വിനോദയാത്രകളും ഒഴിവാക്കണം. കുട്ടികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം.


തൊഴിൽ മേഖലകളിൽ ജാഗ്രത:
നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണം. ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർക്ക് ഉച്ചസമയത്ത് ആവശ്യമായ വിശ്രമം നൽകാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ കുടകൾ ഉപയോഗിക്കണം.


തീപിടുത്ത സാധ്യത:
ചൂട് കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷ ഉറപ്പാക്കുകയും വേണം. കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ വനമേഖലയിൽ ഉള്ളവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.


മറ്റ് നിർദേശങ്ങൾ:

  • കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ഉച്ചവെയിൽ ഏൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.

  • വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടരുത്. പക്ഷികൾക്കും മൃഗങ്ങൾക്കും ജലലഭ്യത ഉറപ്പാക്കണം.

  • പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ മൃഗങ്ങളെയോ തനിച്ചാക്കി പോകരുത്.

  • ജലം പാഴാക്കാതെ ഉപയോഗിക്കണം.

അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വിശ്രമിക്കാനും വൈദ്യസഹായം തേടാനും അതോറിറ്റി നിർദേശിച്ചു. കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories