Share this Article
News Malayalam 24x7
ഹോർമുസ് തുറക്കണം; ഐക്യരാഷ്ട്ര സഭയില്‍ പ്രമേയവുമായി ബഹ്‌റൈന്‍
UN to Vote on Bahrain's Resolution to Protect Strait of Hormuz Shipping

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും പരിസര പ്രദേശങ്ങളിലും വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചു. പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ബഹ്‌റൈന്റെ ഈ നിർണ്ണായക നീക്കം. പ്രമേയത്തിന്മേൽ യുഎൻ രക്ഷാസമിതി വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തും.

ആഗോള എണ്ണ വിതരണത്തിന്റെയും ചരക്ക് നീക്കത്തിന്റെയും ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കി സമാധാനവും സുരക്ഷയും ഉറപ്പാക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. മേഖലയിൽ ഒരു മാസത്തിലേറെയായി തുടരുന്ന യുദ്ധം കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായതായും പ്രമേയം ചൂണ്ടിക്കാട്ടുന്നു.


അമേരിക്കയുടെയും മറ്റ് ജിസിസി (GCC) രാജ്യങ്ങളുടെയും പൂർണ്ണ പിന്തുണ ബഹ്‌റൈന്റെ പ്രമേയത്തിനുണ്ട്. എന്നാൽ, രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈന പ്രമേയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കപ്പലുകളെ സംരക്ഷിക്കുന്നതിനായി സൈനിക ബലം ഉപയോഗിക്കുന്നതിനെ പ്രമേയത്തിലൂടെ അംഗീകരിക്കുന്നതിനോടാണ് ചൈനയും റഷ്യയും എതിർപ്പ് അറിയിച്ചിരിക്കുന്നത്.


ഈ രാജ്യങ്ങളുടെ എതിർപ്പ് മറികടക്കുന്നതിനായി 'നിർബന്ധിത സൈനിക നടപടി' എന്ന പ്രയോഗം പ്രമേയത്തിൽ നിന്ന് ബഹ്‌റൈൻ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും, വാണിജ്യ കപ്പലുകളുടെ സുരക്ഷയ്ക്കായി ആവശ്യമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ അനുമതി നൽകുന്ന രീതിയിലാണ് കരട് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്.


രക്ഷാസമിതി ഐകകണ്ഠേന പ്രമേയം പാസാക്കുമെന്ന പ്രതീക്ഷ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പ്രകടിപ്പിച്ചു. ഫെബ്രുവരി അവസാന വാരം മുതൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷം ആഗോള സാമ്പത്തിക മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories