Share this Article
News Malayalam 24x7
ഡല്‍ഹിയില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ 20 മരണം
Tragic Fire in South Delhi Hotel

സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ വിദേശ പൗരന്മാരടക്കം 20 പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാളവ്യ നഗറിൽ പ്രവർത്തിക്കുന്ന 'ലെമൺ ഗ്രീൻ' ഹോട്ടലിലാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ ദാരുണമായ ദുരന്തമുണ്ടായത്.

അഞ്ച് നിലകളിലായി 25 മുറികളുള്ള ഹോട്ടലിൽ തീപിടിത്തം ഉണ്ടാകുമ്പോൾ നാൽപ്പതോളം അതിഥികൾ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 8.50 ഓടെ ഹോട്ടലിന്റെ ബേസ്മെന്റിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ബേസ്മെന്റിൽ നിന്നും കനത്ത പുക ഉയർന്നതോടെ മുകളിലെ നിലകളിൽ ഉള്ളവർക്ക് താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ സാധിച്ചില്ല. ദുരന്തം നടക്കുമ്പോൾ ഭൂരിഭാഗം അതിഥികളും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്വാസംമുട്ടിയാണ് ഹോട്ടലിലുണ്ടായിരുന്ന ഭൂരിഭാഗം പേരും മരണപ്പെട്ടത്. മരിച്ചവരിൽ പലരും ചികിത്സാ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരാണ്.


വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും ഹോട്ടലിലേക്ക് പോകുന്ന വഴികൾ വളരെ ഇടുങ്ങിയതായതിനാൽ അഗ്നിശമന വാഹനങ്ങൾക്ക് സംഭവസ്ഥലത്തേക്ക് എത്തിച്ചേരാൻ ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. നിലവിൽ ഹോട്ടലിലെ തീ പൂർണ്ണമായും അണച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനവും പരിശോധനകളും തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories