വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ചുകൊണ്ട് തയ്യാറാക്കിയ വാരപ്പതിപ്പിന്റെ വിതരണം പാർട്ടി മുഖപത്രമായ ദേശാഭിമാനി തടഞ്ഞു. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ 'ഓർമകളിലെ കടലിരമ്പം' എന്ന ലേഖനമടങ്ങിയ വാരാന്തപ്പതിപ്പാണ് വിതരണം ചെയ്യാതെ മാറ്റിവെച്ചത്.
വാരപ്പതിപ്പ് പൂർണ്ണമായും അച്ചടിച്ച് വിതരണത്തിന് തയ്യാറാക്കിയ ശേഷമാണ് പത്രത്തോടൊപ്പം ഇത് വിതരണം ചെയ്യേണ്ടതില്ലെന്ന തീരുമാനം അവസാന നിമിഷം എടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, 'സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല' എന്നാണ് ദേശാഭിമാനി മാനേജ്മെന്റ് നൽകുന്ന ഔദ്യോഗിക വിശദീകരണം. ഇതേക്കുറിച്ചുള്ള അറിയിപ്പ് പത്രത്തിൽ നൽകിയിട്ടുമുണ്ട്.
വരുന്ന ചൊവ്വാഴ്ചയാണ് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം. ചരമവാർഷികത്തോടനുബന്ധിച്ച് വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാൻ സി.പി.എം ആഹ്വാനം ചെയ്തിരിക്കെയാണ് ഔദ്യോഗിക മുഖപത്രത്തിന്റെ ഈ നടപടി. അച്ചടിച്ച വാരപ്പതിപ്പ് വിതരണം ചെയ്യാതെ പൂഴ്ത്തിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നാണ് സൂചന. വി.എസിന്റെ രാഷ്ട്രീയ പോരാട്ടങ്ങളെയും പാർട്ടിയിലെ ആഭ്യന്തര ചർച്ചകളെയും കുറിച്ചുള്ള ഓർമ്മക്കുറിപ്പിലെ ചില പരാമർശങ്ങളാണ് അവസാന നിമിഷം പതിപ്പ് പിൻവലിക്കാൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ