Share this Article
News Malayalam 24x7
പാര്‍ലമെൻ്റ് വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം
Parliament Monsoon Session to Begin Tomorrow

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സർക്കാരിന്റെ നിയമനിർമ്മാണ അജണ്ടകൾ വ്യക്തമാക്കും.

വിവാദമായ ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ഭേദഗതി ബിൽ (എഫ്.സി.ആർ.എ - FCRA) ഉൾപ്പെടെയുള്ള നിർണായക ബില്ലുകൾ വരാനിരിക്കുന്ന സമ്മേളനത്തിൽ പരിഗണനയ്ക്ക് വരുന്നുണ്ട്. വിദേശ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്ന ഈ ഭേദഗതി ബില്ലിനെതിരെ ക്രൈസ്തവ സഭകളും പ്രതിപക്ഷ പാർട്ടികളും നേരത്തെ തന്നെ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. ഇതോടൊപ്പം ഇൻകം ടാക്‌സ് ഭേദഗതി ബിൽ, സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഭേദഗതി ബിൽ, ജനന-മരണ രജിസ്‌ട്രേഷൻ കർശനമാക്കുന്ന ഭേദഗതി ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ഭേദഗതി ബിൽ തുടങ്ങിയവയും സഭയുടെ പരിഗണനയ്ക്ക് വരും.


അതേസമയം, പ്രതിപക്ഷം സർക്കാരിനെതിരെയുള്ള ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിദ്യാർത്ഥി സംഘടനകളുടെ വൻ പ്രതിഷേധങ്ങളും ഇതോടൊപ്പം സഭയിൽ ഉന്നയിക്കും. കൂടാതെ അയോധ്യയിലെ സംഭാവന കൊള്ള, ഇന്ധന വിലവർദ്ധനവ് തുടങ്ങിയ വിഷയങ്ങളും സഭയെ പ്രക്ഷുബ്ധമാക്കും. രാജ്യസഭയിലും ലോക്സഭയിലും ശക്തമായ പ്രതിരോധം തീർക്കാൻ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' (INDIA) ധാരണയിലെത്തിയിട്ടുണ്ട്.


തൃണമൂൽ കോൺഗ്രസ് വിട്ട വിമതർക്ക് കേന്ദ്ര സർക്കാർ സർവകക്ഷി യോഗത്തിലേക്ക് പ്രത്യേക ക്ഷണം നൽകിയിട്ടുണ്ട്. എൻ.സി.പിയിലെ അജിത് പവാർ പക്ഷം അടക്കമുള്ള വിമത വിഭാഗങ്ങൾക്കും യോഗത്തിൽ പങ്കാളിത്തമുണ്ടാകും. തമിഴ്‌നാട്ടിൽ കോൺഗ്രസ്-വിജയ് സഖ്യത്തെച്ചൊല്ലി ഡി.എം.കെ സഖ്യത്തിലുണ്ടായ അസ്വാരസ്യങ്ങളും തുടർന്ന് ഡി.എം.കെ എം.പിമാർ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെട്ടതും പ്രതിപക്ഷ നിരയിലെ പുതിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.


നാളെ ആരംഭിക്കുന്ന സമ്മേളനം ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കും. വിവിധ ജനകീയ വിഷയങ്ങളും വിവാദ ബില്ലുകളും ഒരുപോലെ ചർച്ചയാകുന്ന സമ്മേളനകാലം പാർലമെന്റിൽ വൻ ഏറ്റുമുട്ടലുകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories