നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) ജന്തർ മന്തറിൽ നടത്തുന്ന സമരം മുപ്പതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരം അനുഷ്ഠിക്കവെ കഴിഞ്ഞ ദിവസം പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റിയ പ്രശസ്ത പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്.
ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോനം വാങ്ചുക് ഭക്ഷണമോ മരുന്നോ സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ലക്ഷ്യം കൈവരിക്കുന്നത് വരെ സമരരംഗത്തുനിന്ന് പിന്മാറില്ലെന്നും പ്രക്ഷോഭം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം ആശുപത്രിയിൽ നിന്ന് സന്ദേശമയച്ചു. 21 ദിവസമായി തുടരുന്ന കടുത്ത നിരാഹാരത്തെ തുടർന്ന് വാങ്ചുകിന്റെ ആരോഗ്യനില മോശമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് പോലീസ് അദ്ദേഹത്തെ ജന്തർ മന്തറിൽ നിന്ന് മാറ്റിയത്.
അതേസമയം, സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ ആരംഭിച്ച നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സോനത്തെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുന്നത് വരെ സമരം തുടരുമെന്ന് അഭിജിത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെ അഭിജിതിന് നേരെ മഷി പ്രയോഗവും ഉണ്ടായിരുന്നു.
സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) പാർലമെന്റിലേക്ക് വൻ മാർച്ച് നടത്താനാണ് സമരക്കാരുടെ തീരുമാനം. പ്രതിഷേധത്തിന് പിന്തുണയുമായി വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ധർമേന്ദ്ര പ്രധാനിന്റെ രാജിയിൽ കുറഞ്ഞ യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് വിദ്യാർത്ഥി കൂട്ടായ്മകൾ വ്യക്തമാക്കുന്നത്.