നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ഉന്നത തലത്തിൽ ശ്രമം നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. കേസ് അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.
പ്രതികളായ ഗൺമാൻമാർ തങ്ങളുടെ മർദ്ദനത്തെ ന്യായീകരിക്കാൻ ഉന്നയിച്ച വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള ബസിന് നേരെ കല്ലെറിഞ്ഞിട്ടില്ല. ബസിന്റെ ഡ്രൈവർ നൽകിയ മൊഴിയിലും കല്ലേറുണ്ടായതായി പറയുന്നില്ല. കൂടാതെ, ബസിന് യാതൊരുവിധ കേടുപാടുകളോ പോറലുകളോ സംഭവിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി എഞ്ചിനീയറുടെ സാങ്കേതിക റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.
പ്രോട്ടോക്കോൾ പ്രകാരം സുരക്ഷാ ഡ്യൂട്ടിയിലുള്ളവർക്ക് ഓടുന്ന വാഹനത്തിൽ നിന്നും താഴെയിറങ്ങാൻ അനുവാദമില്ല. എന്നാൽ ചട്ടങ്ങൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട് 11 സെക്കൻഡോളം വാഹനം നിർത്തിയിട്ടാണ് പ്രതികൾ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത്. പ്രവർത്തകരുടെ തലയ്ക്കാണ് ഇവർ മാരകമായി അടിച്ചത്. ഇത് മരണത്തിന് വരെ കാരണമായേക്കാവുന്ന അതിക്രമമായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കേസിലെ പ്രതികളായ അനിൽകുമാർ, വിപിൻ, സന്ദീപ്, അരുൺ, ഷൈജു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികൾക്ക് ഉന്നത രാഷ്ട്രീയ-പോലീസ് സ്വാധീനമുള്ളതിനാൽ ഇവർക്ക് ജാമ്യം അനുവദിച്ചാൽ കൂടുതൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും നീതിനിർവ്വഹണം തടസ്സപ്പെടുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പ്രൊസിക്യൂഷൻ കോടതിയിൽ ശക്തമായി ആവശ്യപ്പെടും.