സംസ്ഥാനത്ത് സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്ന നടപടിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് വിട്ടിറങ്ങി.
സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ നിലവിലുള്ള എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും സർക്കാർ അട്ടിമറിച്ചുവെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി. ജോയ് ആരോപിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രണ്ടായിരത്തോളം ജീവനക്കാരെയാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലംമാറ്റിയത്. ഭരണാനുകൂല സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതി നൽകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ മാറ്റുന്നതെന്നും കേരള ചരിത്രത്തിൽ ഇത്രയും ഗതികെട്ട ഒരു കാലമുണ്ടായിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ട് മുഖ്യമന്ത്രിക്ക് വേണ്ടി സണ്ണി ജോസഫ് നിയമസഭയിൽ മറുപടി നൽകി. ഒരു വകുപ്പിലും വ്യാപകമായ സ്ഥലംമാറ്റങ്ങൾ നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൂർണ്ണമായും ഭരണപരമായ സൗകര്യങ്ങൾക്കായി മാത്രമാണ് ചില മാറ്റങ്ങൾ വരുത്തിയത്. ഇതിൽ ഒരു ചട്ടലംഘനവും നടന്നിട്ടില്ല. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പരിശോധിച്ചു പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളിക്കുകയും തുടർന്ന് സഭ ബഹിഷ്‌കരിക്കുകയുമായിരുന്നു.