Share this Article
News Malayalam 24x7
വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി ദുൽഖറും ആസിഫ് അലിയും ജോജുവും
വെബ് ടീം
posted on 22-07-2026
1 min read
dulkar

കൊച്ചി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് നടക്കുന്ന  വിദ്യാര്‍ത്ഥി പ്രതിഷേധത്തിൽ  പ്രതികരിച്ച് ദുൽഖര്‍ സല്‍മാന്‍. ഡല്‍ഹിയില്‍ നടക്കുന്ന സംഭവങ്ങള്‍ ചിന്തിക്കാനും മറ്റുള്ളവരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാനും പരസ്പര ധാരണയോടെ കാര്യങ്ങളെ സമീപിക്കാനും നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ദുല്‍ഖർ കുറിച്ചു. വിദ്യാഭ്യാസം എപ്പോഴും മുന്നോട്ട് വെക്കുന്നത് പ്രതീക്ഷയും അവസരങ്ങളും മെച്ചപ്പെട്ടൊരു ഭാവിയുമാണ് എന്നാല്‍ ഇവിടെ അനിശ്ചിതത്വത്തെ നേരിടുന്ന യുവതലമുറയെ കാണുന്നത് അതീവ വേദനാജനകമാണ് എന്നാണ് ദുൽഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞത്.

'ചില വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ട് പോകാന്‍ വഴികളില്ലെന്ന് തോന്നുന്നതും, അതില്‍ ചിലര്‍ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ മുതിരുന്നതും എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഏറെ പ്രതീക്ഷകളുള്ള മനുഷ്യരാണ് അവിടെ സമരം ചെയ്യുന്നത് അവര്‍ തീര്‍ച്ചയായും നീതി അര്‍ഹിക്കുന്നു. സംഭവത്തില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകളും സമാധാനപരമായ പരിഹാരങ്ങളും, വിവേകവും സഹാനുഭൂതിയും നിറഞ്ഞ തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്നതിനേക്കാള്‍ കരുത്തുറ്റതായിരിക്കും പരസ്പര ധാരണയില്‍ കെട്ടിപ്പടുക്കുന്ന ഭാവി'; എന്നാണ് ദുൽഖര്‍ പറഞ്ഞത്.

പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ അസിഫ് അലിയും രംഗത്തെത്തി.രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നുള്ളത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവര്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'ഡല്‍ഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഈ നാടിന്റെ ഭാവിവാഗ്ദാനങ്ങള്‍ കൂടിയാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്'; അവര്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും'; എന്നാണ് അസിഫ് അലി പറഞ്ഞത്.

പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു ജോർജ്. ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയാണ്. കാരണം ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിയ്ക്ക് ചോർച്ച സംഭവിക്കുക എന്ന് പറഞ്ഞാൽ നാളെ വരാനിരിക്കുന്ന ഭീകരമായ അന്തരീക്ഷണം എന്നാണ് മനസ്സിലാക്കേണ്ടത്. പ്രതികരിച്ച കുട്ടികളെ ഉപദ്രവിക്കുക. ഒരു രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനെ വരെ പുല്ലുപോലെ എടുത്തുകൊണ്ടു പോകുന്ന അവസ്ഥ, ഇതിനെതിരെയെല്ലാം ആദ്യമേ തന്നെ പ്രതികരിച്ച നമ്മുടെ രാജ്യത്തെ യുവതലമുറയ്ക്ക് കൈയ്യടി നൽകുകയാണെന്ന് ജോജു ജോർജ് വ്യക്തമാക്കി.

ഒരിക്കലും യുവജനപ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഒരു സമരം പ്രതീക്ഷ നൽകുന്നതാണ്. ഇപ്പോഴും നമുക്കിടയിൽ നല്ല കുറെ മനുഷ്യന്മാരുണ്ട് എന്നതിൽ വലിയ സന്തോഷം തോന്നുകയാണ്. നമ്മൾ ഇതിനെയെല്ലാം ഒന്നിച്ച് തരണം ചെയ്യുമെന്നും ജോജു ജോർജ് കൂട്ടിച്ചേർത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories