Share this Article
News Malayalam 24x7
രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു; സോണിയാ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി
വെബ് ടീം
posted on 21-07-2026
1 min read
RAHUL GANDHI

ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ  വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും രാത്രി വിട്ടയച്ചു. നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

കസ്റ്റഡിയിൽ എടുത്ത് മൂന്ന് മണിക്കൂറിനുശേഷമാണ് വിട്ടയച്ചത്. മറ്റു കോൺഗ്രസ് നേതാക്കളെയും വിട്ടയച്ചിട്ടുണ്ട്. പ്രിയങ്കയെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലും രാഹുലിനെ ഛത്രസാൽ സ്റ്റേഡിയത്തിലുമാണ് കരുതൽ തടങ്കലിൽ വെച്ചിരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മാതാവുമായ സോണിയ ഗാന്ധി മന്ദിർ മാർഗ് സ്റ്റേഷനിലെത്തി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇവിടേക്കും കോൺഗ്രസ് പ്രവർത്തകർ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു. സോണിയ പൊലീസ് സ്റ്റേഷനിൽനിന്ന് പോയതിനു പിന്നാലെയാണ് പ്രിയങ്കയെ വിട്ടയച്ചത്.പ്രതിഷേധം തുടരുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കൈകൾ കൂട്ടിക്കെട്ടി പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. രാഹുൽ ഗാന്ധിയുടെ മുഖത്ത് മുറിവേറ്റു. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരളത്തിൽ നിന്നുള്ള മുഴുവൻ എം.പിമാരും ഡൽഹി സന്ദർശനത്തിനെത്തിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും സമരത്തിൽ പങ്കാളികളായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories