കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് നാല് മണിക്ക് ലോക് ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡി.കെ. ശിവകുമാറിനൊപ്പം പുതിയ മന്ത്രിസഭയിലെ 11 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
മലയാളികളായ കെ.ജെ. ജോർജ്ജ്, യു.ടി. ഖാദർ എന്നിവരും പുതിയ മന്ത്രിസഭയിൽ അംഗങ്ങളാകുന്നുണ്ട്. മുൻകാലങ്ങളിലും മന്ത്രിമാരായിരുന്ന ഇവർക്ക് ഇത്തവണയും സുപ്രധാന വകുപ്പുകൾ ലഭിക്കുമെന്നാണ് വിവരങ്ങൾ. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി എഐസിസി നിയമിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കാളികളാകും. കേരളത്തിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ തുടങ്ങിയവരും ചടങ്ങിനെത്തും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശക്തമായ ഭരണസംവിധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നേതൃത്വം കർണാടകയിൽ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.