Share this Article
News Malayalam 24x7
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിലെ തർക്കം; CPIM-CPI ഉഭയകക്ഷി ചർച്ച പരാജയം
 CPIM-CPI Bilateral Talks End Without Consensus

നിയമസഭയിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സിപിഐഎമ്മും സിപിഐയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ച സമവായമില്ലാതെ പിരിഞ്ഞു. എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് യാതൊരുവിധ തീരുമാനവുമില്ലാതെ ചർച്ച അവസാനിച്ചത്.

ഉപനേതൃസ്ഥാനം തങ്ങൾക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ നിന്നും അല്പം പോലും പിന്നോട്ടില്ലെന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്. ഈ ആവശ്യത്തിൽ നിന്നും പിന്മാറാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം ചർച്ചയ്ക്ക് ശേഷവും ആവർത്തിച്ചു. പദവി നൽകാൻ കഴിയില്ലെങ്കിൽ അതിന്റെ കാരണം എന്താണെന്ന് സിപിഐഎം വ്യക്തമാക്കട്ടെയെന്നും, തീരുമാനമെടുക്കേണ്ടത് സിപിഐഎം ആണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം എൽഡിഎഫ് യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് സിപിഐ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.


എന്നാൽ, ഈ പദവി സിപിഐഎം തന്നെ കൈവശം വെക്കുന്നതാണ് മുന്നണിയിലെ കീഴ്‌വഴക്കമെന്നും അത് വിട്ടുനൽകാൻ കഴിയില്ലെന്നുമാണ് സിപിഐഎമ്മിന്റെ നിലപാട്. നിലവിൽ കെ.എൻ. ബാലഗോപാൽ തന്നെ ഉപനേതാവായി തുടരുമെന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്. നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാത്രമേ ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനമുണ്ടാകൂ. എൽഡിഎഫിനുള്ളിലെ ഭിന്നത വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories