തിരുവനന്തപുരം: സിപിഐഎം മുഖപത്രമായ ദേശാഭിമാനിയിലെ വാരാന്തപ്പതിപ്പു വിവാദത്തിൽ അച്ചടക്ക നടപടി. വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയനെ മാറ്റി. പകരം ടി. ചന്ദ്ര മോഹനാണ് ചുമതല നൽകിയിരിക്കുന്നത്. സംഭവത്തിൽ അജയനോട് റസിഡന്‍റ് എഡിറ്റർ എം. സ്വരാജ് കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു.കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്നായിരുന്നു അജയന്‍റെ മറുപടി. തലക്കെട്ട് ആവശ‍്യപ്പെട്ടിട്ടും തയാറാകാത്ത മാധ‍്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് റസിഡന്‍റ് എഡിറ്റർ അജയന് കാരണം കാണിക്കൽ നോട്ടീസയച്ചത്.
അതേസമയം, ദേശാഭിമാനി ഒഴിവാക്കിയ കള്ളൻ വിജയൻ എന്ന ഫീച്ചർ ലേഖകൻ ടി.സി. രാജേഷ് സമൂഹമാധ‍്യമങ്ങളിൽ പങ്കുവച്ചിരുന്നു. തിരുവനന്തപുരത്തെ പുല്ലാംപാറയിലെ നാടക ഗ്രാമത്തെ പറ്റിയും അവിടത്തെ പ്രശ്സത നാടക കലാകാരനുമായ വിജയനെ പറ്റിയുള്ളതായിരുന്നു രാജേഷിന്‍റെ ഫീച്ചർ. നാടകവേദിയിലെ കള്ളൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് കള്ളൻ വിജയൻ, ധന‍്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ എന്ന മേൽവിലാസത്തിൽ കത്തുകൾ ലഭിക്കാറുണ്ടായിരുന്നുവെന്നും ആ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തലക്കെട്ട് നൽകിയതെന്നും പിഴവ് തന്‍റെതാണെന്നും ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ലേഖകൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ‍്യക്തമാക്കിയിരുന്നു.
മുൻ മുഖ‍്യമന്ത്രി വി.എസ്. അച‍്യുതാനന്ദൻ അനുസ്മരണത്തോടൊപ്പമാണ് ഫീച്ചറും പുറത്തിറങ്ങേണ്ടിയിരുന്നത്. സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ സാധിച്ചില്ലെന്നായിരുന്നു ദേശാഭിമാനിയുടെ ഔദ‍്യോഗിക വിശദീകരണം. വിഎസിന്‍റെ ചരമവാർഷികവുമായി ബന്ധപ്പെട്ടുള്ള ലേഖനവും കള്ളൻ വിജയൻ എന്ന തലക്കെട്ടുമുള്ള ഫീച്ചറുമാണ് വാരാന്തപ്പതിപ്പ് വൈകാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിവാദമായ ഫീച്ചർ ഒഴിവാക്കി പുതിയ വാരാന്തപ്പതിപ്പ് പുറത്തിറക്കിയത്.