Share this Article
News Malayalam 24x7
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദം; ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലെന്ന് റിപ്പോര്‍ട്ട്
Thrissur Pooram Disruption Probe

2024-ലെ തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ ഗൂഢാലോചനയോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പൂരത്തിന്റെ ക്രമസമാധാന പാലനത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എഡിജിപിക്ക് കൈമാറി.

അതേസമയം, തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. മഠത്തിൽ വരവ് വൈകിയതിനും വെടിക്കെട്ട് തടസ്സപ്പെട്ടതിനും കാരണം ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ തീരുമാനങ്ങളാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പൂരത്തിനിടെ പൊലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നും മഠത്തിൽ വരവിനിടെ ഉണ്ടായ വാക്കുതർക്കം പെട്ടെന്നുണ്ടായതാണെന്നും ആസൂത്രിതമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


എങ്കിലും, ഈ റിപ്പോർട്ടിനെ അന്തിമമായി കാണാൻ കഴിയില്ലെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ പരിശോധനാ ഫലങ്ങളും സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ വിശകലനവും ഇതുവരെ പൂർത്തിയായിട്ടില്ല. ഈ പരിശോധനാ ഫലങ്ങൾ കൂടി ലഭ്യമായ ശേഷമേ കേസിൽ പൂർണ്ണമായ വ്യക്തത വരികയുള്ളൂ. എഡിജിപി തലത്തിലുള്ള ഉന്നതതല യോഗത്തിന് ശേഷമായിരിക്കും റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനമുണ്ടാകുക. തൃശ്ശൂർ പൂരം വിവാദം രാഷ്ട്രീയമായി വലിയ ചർച്ചയായ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന്റെ ഈ കണ്ടെത്തലുകൾ വരും ദിവസങ്ങളിൽ കൂടുതൽ സംവാദങ്ങൾക്ക് വഴിവെച്ചേക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories