ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിലെ അവ്യക്തതയും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ തുടങ്ങി. സംഗമത്തിന്റെ സ്പോൺസർമാരിൽ നിന്ന് ലഭിക്കാനുള്ള തുക വേഗത്തിൽ നേടിയെടുക്കാനാണ് നിലവിലെ നീക്കം. പരിപാടിയുടെ സാമ്പത്തിക വിനിയോഗത്തിൽ വൻ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ നീക്കം.
പമ്പാ തീരത്ത് പന്തലൊരുക്കിയതിനും അതിഥികളുടെ താമസസൗകര്യങ്ങൾക്കുമായി വലിയ തുക കുടിശ്ശികയുള്ളതായാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി, പന്തൽ നിർമ്മാണമടക്കമുള്ള ജോലികൾ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി ഉൾപ്പെടെയുള്ള കരാർ സ്ഥാപനങ്ങളോട് തുകയിൽ ഇളവ് നൽകാൻ സർക്കാർ ആവശ്യപ്പെടും.
ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകേണ്ട സമയപരിധി അവസാനിക്കുന്നതിന് മുൻപായി മുഴുവൻ സാമ്പത്തിക ഇടപാടുകളും തീർപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ മാസം 17-ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ പണം സമാഹരിക്കുന്നതിനും പ്രതിസന്ധി പരിഹരിക്കുന്നതിനുമുള്ള നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകും. ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ദേവസ്വം ബോർഡിനും സർക്കാരിനും വലിയ പ്രതിസന്ധിയാണ് നിലവിൽ സൃഷ്ടിച്ചിരിക്കുന്നത്.