ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി വിവിധ തെക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ മുന്നറിയിപ്പ് (Yellow Alert) പ്രഖ്യാപിച്ചു.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി.മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ സ്വാധീനഫലമായി ഫെബ്രുവരി 24 വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിച്ചേക്കും.
തെക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് കൂടുതൽ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.