തിരുവനന്തപുരം: യാതൊരുവിധ ചർച്ചയുമില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്‌തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.കാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനം താൻ അറിഞ്ഞില്ലെന്നും യുഡിഎഫ് യോഗം ചേരാൻ കഴിയാത്തതിനാൽ പല കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈ എടുക്കുന്നില്ലെന്നും അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുഡിഎഫ് കൺവീനർ.
'കാബിനറ്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് വ്യക്തികൾക്കും അതിന് അർഹതയുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ, യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഇത്തരം കാര്യങ്ങളെ കുറിച്ച് ഞാൻ നേരത്തേ അറിയേണ്ടിയിരുന്നല്ലോ. അതുണ്ടായില്ല. ആരെയും തള്ളിപ്പറയാൻ വേണ്ടി പറയുന്നതല്ല, അവർക്ക് അർഹതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, ഇത്തരം കാര്യങ്ങളിൽ ഒരു മുൻകൂട്ടിയുള്ള കൂടിയാലോചനകളും ആവശ്യമായിരുന്നു.' അടൂർ പ്രകാശ് പറഞ്ഞു.
'പലയാളുകളും എന്നെ വിളിച്ച് തീരുമാനം എന്താണെന്ന് അന്വേഷിച്ചിരുന്നു. എന്നാൽ, മറുപടി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. കേരളത്തിലെ യുഡിഎഫ് കൺവീനർ എന്ന നിലയിൽ പ്രവർത്തിക്കാൻ എന്നെ ചുമതലപ്പെടുത്തിയത് എഐസിസിയാണ്. എനിക്കുണ്ടായ അതൃപ്തി അധികം വൈകാതെ തന്നെ ഹൈക്കമാൻഡിനെ അറിയിക്കും. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ വേണ്ടിയല്ല ഞാനിത് പറയുന്നത്. എന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് പറഞ്ഞത്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ ഇതൊന്നും മുൻകൂട്ടി അറിഞ്ഞിരുന്നില്ല.' അദ്ദേഹം വ്യക്തമാക്കി.
'മാണി സി.കാപ്പിന് ക്യാബിനറ്റ് പദവി ലഭിക്കുമെന്ന തരത്തിലുള്ള ചർച്ചകളും തീരുമാനങ്ങളും ഞാൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. യുഡിഎഫിൽ ഇത്തരം കാര്യങ്ങൾ ചർച്ചയ്ക്ക് വന്നിട്ടില്ല. മുഖ്യമന്ത്രിക്ക് ഒട്ടനവധി തിരക്കുകൾ ഉള്ളതുകൊണ്ട് എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിയിക്കുമെന്ന് ഞാൻ കരുതുന്നില്ല. എങ്കിലും, ഒരു കൺവീനർ എന്ന നിലയിൽ ഇത്തരം പ്രധാന വിവരങ്ങൾ മാധ്യമങ്ങൾ വഴി അറിയേണ്ടി വരുന്നത് ദുഃഖകരമാണ്.' അടൂർ പ്രകാശ് പറഞ്ഞു.