റായ്ഗഡ്: മഹാരാഷ്ട്രയിലെ ദിവേഗർ കടൽത്തീരത്ത് ശക്തമായ തിരമാലയിലും ഒഴുക്കിലുംപെട്ട് എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പുണെയിൽനിന്നുള്ള കൗമാരക്കാരാണ് മരിച്ചത്. പുണെ ജില്ലയിലെ ആലന്ദിയിലുള്ള 'വിന്നേഴ്സ് അക്കാദമി' എന്ന സ്വകാര്യ കോച്ചിങ് സെന്ററിലെ വിദ്യാർഥികളാണ് ഇവർ. 170 കിലോമീറ്ററോളം സഞ്ചരിച്ച് വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
വൈകീട്ട് 5.30-ഓടെയാണ് അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 48 അംഗ സംഘം കടൽത്തീരത്ത് എത്തിയത്. 25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ എട്ട് വിദ്യാർഥികൾ കടലിൽ ഇറങ്ങുകയും തിരമാലയിൽപ്പെടുകയുമായിരുന്നു.