സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒഴികെ തീവ്ര മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ 11 ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. 3 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തലസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ വിൻസെന്റ് (52) ആണ് മരിച്ചത്. വീടുപണിക്കിടെയായിരുന്നു സംഭവം. വിൻസെന്റിന്റെ ഒപ്പമുണ്ടായിരുന്ന ദാസയ്യൻ, അജീഷ് എന്നിവർക്കും മിന്നലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേക്കാം.
വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാദ്ധ്യത.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്ക് നാശമുണ്ടാക്കാനും സാദ്ധ്യതയുണ്ട്.
നിർദേശങ്ങൾ
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത മേഖലകളിൽ തുടരുക.