Share this Article
News Malayalam 24x7
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട്; ഓഡിറ്റര്‍ ഹൈക്കോടതിയില്‍
Global Ayyappa Sangamam

പമ്പാ തീരത്ത് നടന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കാവുന്ന നടപടികൾ വ്യക്തമാക്കി പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഓഡിറ്റർക്ക് കോടതി നിർദ്ദേശം നൽകി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കണക്കുകൾ തയ്യാറാക്കാൻ തിരുവിതാങ്കൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ 'വിജയൻ അസോസിയേറ്റ്സ്' എന്ന സ്വകാര്യ ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനത്തെ കോടതി കേസിൽ കക്ഷി ചേർത്തു. ഇതുവരെയുള്ള എല്ലാ സാമ്പത്തിക രേഖകളും വ്യാഴാഴ്ച കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്നും ജസ്റ്റിസ് ബെഞ്ച് ഉത്തരവിട്ടു.


തങ്ങൾ ആവശ്യപ്പെട്ട കണക്കുകൾ നൽകാൻ ദേവസ്വം ബോർഡ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ, രേഖകളെല്ലാം ഒരു സ്വകാര്യ ചാർട്ടേർഡ് അക്കൗണ്ടന്റിന് കൈമാറിയിട്ടുണ്ടെന്നായിരുന്നു ഇതിന് ദേവസ്വം ബോർഡ് നൽകിയ വിശദീകരണം. ഈ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, സർക്കാർ ഓഡിറ്റ് വിഭാഗത്തിന് രേഖകൾ കൈമാറാത്തതിലെ ഗൗരവം ചൂണ്ടിക്കാട്ടി.


ഭക്തരിൽ നിന്ന് ലഭിച്ച തുകയും സ്പോൺസർഷിപ്പുകളും എങ്ങനെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ കർശന ഇടപെടൽ. വ്യാഴാഴ്ച ഹാജരാക്കുന്ന രേഖകൾ പരിശോധിച്ച ശേഷം ഈ വിഷയത്തിൽ കൂടുതൽ നടപടികളിലേക്ക് കോടതി കടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories