കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ പരിഹസിച്ചും എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞും സംസ്ഥാന സർക്കാരിന്റെ വക വൻ പിആർ ക്യാമ്പയിൻ. പ്രമുഖ ഇംഗ്ലീഷ്, മലയാളം ദിനപത്രങ്ങളുടെ മുൻ പേജുകളിൽ വാർത്തകളുടെ മാതൃകയിലാണ് സർക്കാർ ഈ പരസ്യം നൽകിയിരിക്കുന്നത്. രണ്ട് പേജുകളിലായി യുഡിഎഫ്-എൽഡിഎഫ് സർക്കാരുകളുടെ വികസന പ്രവർത്തനങ്ങളെയും ഭരണരീതികളെയും താരതമ്യം ചെയ്യുന്ന രീതിയിലാണ് ഇതിന്റെ ഉള്ളടക്കം.
പത്രത്തിന്റെ ഒന്നാം പേജ് എങ്ങനെയാണോ ഇരിക്കുന്നത്, അതേ രൂപകൽപ്പനയിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. മുകളിൽ ചെറിയ അക്ഷരത്തിൽ 'മാർക്കറ്റിംഗ് ഫീച്ചർ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഒറ്റനോട്ടത്തിൽ വായനക്കാർക്ക് വാർത്തയാണെന്നേ തോന്നൂ.
ഒന്നാം പേജിൽ യുഡിഎഫ് കാലത്തെ വൈദ്യുതി പ്രതിസന്ധിയെ സൂചിപ്പിക്കുന്ന 'ഇന്നു മുതൽ ലോഡ് ഷെഡിങ്' എന്ന വലിയ തലക്കെട്ടാണ് നൽകിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ദുരവസ്ഥ, പെൻഷൻ മുടങ്ങിയത്, ദേശീയപാത വികസനത്തിലെ മുരടിപ്പ്, പാഠപുസ്തകമില്ലാത്ത പരീക്ഷകൾ, മരുന്നില്ലാത്ത ആശുപത്രികൾ, അടച്ചുപൂട്ടൽ ഭീഷണിയിലായ 40 ശതമാനം സ്കൂളുകൾ എന്നിവയാണ് ഒന്നാം പേജിലെ മറ്റ് പ്രധാന 'വാർത്തകൾ'.
പത്രം മറിക്കുമ്പോൾ കാണുന്ന രണ്ടാം പേജിൽ എൽഡിഎഫ് സർക്കാർ കൈവരിച്ച നേട്ടങ്ങളാണ് വിവരിക്കുന്നത്. ഒന്നാം പേജിലെ പ്രശ്നങ്ങൾക്ക് ഇടതു സർക്കാർ കണ്ടെത്തിയ പരിഹാരങ്ങളാണ് ഇതിൽ എടുത്തുപറയുന്നത്. ലോഡ് ഷെഡിങ് ഇല്ലാത്ത കാലം, ദേശീയപാത വികസനത്തിലെ കുതിപ്പ്, കെഎസ്ആർടിസിയുടെ തിരിച്ചുവരവ്, 111 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ പൂർത്തീകരണം തുടങ്ങിയവ ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നു.
സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (PRD) ഒരു പാർട്ടിയുടെ ക്യാമ്പയിൻ ഏജൻസിയായി മാറുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ പത്രങ്ങളിൽ മുഴുനീള പരസ്യം നൽകാൻ കോടിക്കണക്കിന് രൂപ ചിലവാക്കുന്നത് ധൂർത്താണെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.