ഇറാനെതിരായ സൈനിക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് സെനറ്റിന്റെ പിന്തുണ. ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ നിയന്ത്രിക്കാനുള്ള പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. ഇറാനില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണം തടയാനും സൈനിക നീക്കങ്ങള്‍ക്ക് നിയമ നിര്‍മാണ സഭയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയമാണ് സെനറ്റില്‍ പരാജയപ്പെട്ടത്.
100 അംഗങ്ങളുള്ള സെനറ്റില്‍ 47 പേരാണ് പ്രമേയത്തെ അനുകൂലിച്ചത്. 53 പേരും പ്രമേയത്തെ എതിര്‍ത്ത് ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. അമേരിക്കയിലെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രസിഡന്റിന്റെ സൈനിക നടപടികള്‍ക്കെതിരായ ശക്തമായ വികാരം നില നില്‍ക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ യുദ്ധ നയത്തിന് അനുകൂലമായ നിലപാട് ഭൂരിപക്ഷം അംഗങ്ങളും അംഗീകരിക്കുകയായിരുന്നു. പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനത്തിന് ഇറാന്‍ ഭീഷണിയാണെന്നും മുന്‍കരുതല്‍ എന്ന നിലയിലുള്ള സൈനിക നടപടി അനിവാര്യമായിരുന്നു എന്നുമുള്ള വാദത്തെ സെനറ്റ് ശരിവച്ചു. നിയമ നിര്‍മാണ സഭയുടെ പിന്തുണ കൂടി ലഭിച്ചതോടെ അമേരിക്ക സൈനിക നടപടി കൂടുതല്‍ ശക്തമാക്കാനാണ് സാധ്യത.