ലോൺ ആപ്പുകൾ കേരളത്തിൽ ഗുരുതരമായ സാമൂഹിക ഭീഷണിയായി മാറുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം സംസ്ഥാനത്തുനിന്ന് ഇത്തരത്തിലുള്ള വ്യാജ വായ്പാ ആപ്പ് സംഘങ്ങൾ 70 കോടി രൂപയോളം തട്ടിയെടുത്തതായാണ് പൊലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാങ്കിങ് നടപടിക്രമങ്ങളിലെ നൂലാമാലകളില്ലാതെ ഒരൊറ്റ ക്ലിക്കിലൂടെ പണം അക്കൗണ്ടിലെത്തുമെന്ന ആകർഷണത്തിൽ വീഴുന്നവർ പിന്നീട് വലിയ ചതിക്കുഴികളിലേക്കാണ് ചെന്നെത്തുന്നത്. വമ്പിച്ച പലിശയും തിരിച്ചടവിൽ ചെറിയ വീഴ്ച വന്നാൽ പോലുമുള്ള ക്രൂരമായ ഭീഷണികളുമാണ് ഈ സംഘങ്ങളുടെ രീതി.
ഇരകളുടെ ഫോണിലെ വിവരങ്ങൾ ചോർത്തി അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിക്കുമെന്ന ഭീഷണി പലരെയും ആത്മഹത്യയുടെ വക്കിലെത്തിക്കുന്നുണ്ട്. സംസ്ഥാന സൈബർ വിഭാഗത്തിന് ഇതുവരെ അയ്യായിരത്തിയഞ്ഞൂറോളം പരാതികളാണ് ഈ വിഷയത്തിൽ ലഭിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലും ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്.
തട്ടിപ്പിന് ഇരയാകുന്നവരിൽ 31 ശതമാനത്തോളം പേർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്. കൂടാതെ ഇരകളിൽ അഞ്ചിലൊന്ന് വീട്ടമ്മമാരാണെന്നും പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമൂഹികമായ അപമാനം ഭയന്ന് പലരും കേസുമായി മുന്നോട്ടുപോകാൻ മടിക്കുന്നത് കുറ്റവാളികളെ പിടികൂടുന്നതിന് പോലീസിന് വലിയ തടസ്സമാകുന്നുണ്ട്. ലോൺ ആപ്പുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും നിയമപരമല്ലാത്ത ഇത്തരം ആപ്പുകളെ വിശ്വസിക്കരുതെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.