Share this Article
News Malayalam 24x7
യുദ്ധത്തിന് പിന്നാലെ ഇറാനിൽ സാമ്പത്തിക പ്രതിസന്ധി
Economic Crisis Hits Iran Following Conflict

യുദ്ധത്തിന്റെ ആഘാതങ്ങൾക്കിടയിൽ ഇറാൻ സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും ജീവൻരക്ഷാ മരുന്നുകളുടെയും വില അനിയന്ത്രിതമായി വർദ്ധിക്കുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. യുദ്ധത്തിൽ റോഡുകളും പാലങ്ങളും തകർന്നതിനെത്തുടർന്ന് ഭക്ഷ്യവിതരണം തടസ്സപ്പെട്ടതാണ് വിലക്കയറ്റം രൂക്ഷമാക്കാൻ പ്രധാന കാരണമായത്.

ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് നിലവിൽ പത്തിരട്ടിയിലധികം വില നൽകേണ്ട അവസ്ഥയാണുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ കറൻസിയായ റിയാലിന്റെ മൂല്യം അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിയുന്നത് തടയാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും അവ വേണ്ടത്ര ഫലം കാണുന്നില്ല. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


വ്യവസായ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. വൻകിട വ്യവസായശാലകൾ പലതും യുദ്ധഭീതിയെത്തുടർന്ന് അടച്ചുപൂട്ടിയതോടെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി. ഇതേത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ ജന്മനാടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഉരുക്ക്, പെട്രോൾ, കെമിക്കൽ തുടങ്ങിയ മേഖലകളിലെ കയറ്റുമതിയും പൂർണ്ണമായും നിലച്ച മട്ടാണ്. ഈ കടുത്ത സാമ്പത്തിക പടുകുഴിയിൽ നിന്നും കരകയറാൻ ഇറാന് വലിയ രീതിയിലുള്ള വിദേശ സഹായവും ശക്തമായ സാമ്പത്തിക പരിഷ്കാരങ്ങളും അനിവാര്യമായി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories