Share this Article
News Malayalam 24x7
പശ്ചിമേഷ്യന്‍ പ്രതിസന്ധിക്കിടെ നിര്‍ണായക ഇറാന്‍-അമേരിക്ക ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍
Diplomatic Talks Between Iran and United States Begin in Switzerland

പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ഇറാനും അമേരിക്കയും തമ്മിലുള്ള അന്തിമ കരാറിനായുള്ള ചര്‍ച്ചകള്‍ ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിക്കും. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കിലാണ് ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധികള്‍ പങ്കെടുക്കുന്ന നിര്‍ണായക ചര്‍ച്ച നടക്കുക. പാകിസ്താന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ചര്‍ച്ചയ്ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സംഘത്തോടൊപ്പം യു.എസ് പ്രതിനിധി ജെ.ഡി. വാന്‍സും സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയിട്ടുണ്ട്. ഇറാനെ പ്രതിനിധീകരിച്ച് ഇറാന്‍ സ്പീക്കര്‍ എം.ബി. ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി എന്നിവരാണ് പങ്കെടുക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറും സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി.


ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പിട്ട 14 ഇന ധാരണാപത്രം ലംഘിച്ച് ഇസ്രായേല്‍ ലെബനനില്‍ ആക്രമണം നടത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതില്‍ പ്രതിഷേധിച്ച് ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ധാരണാപത്രം ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഇന്നുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും ധാരണാപത്രത്തിന് ശേഷമുള്ള ആകെ മരണസംഖ്യ 32 ആകുകയും ചെയ്തു. ലെബനനിലെ ഗ്രാമങ്ങളും കെട്ടിടങ്ങളും തകര്‍ക്കപ്പെട്ട ഈ സാഹചര്യത്തിലാണ് ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന കടുത്ത നിലപാടിലേക്ക് ഇറാന്‍ നീങ്ങിയത്.


ലെബനനിലെ ഇസ്രായേല്‍ ആക്രമണം നിര്‍ത്തിവെക്കുക, ഹോര്‍മൂസ് കടലിടുക്ക് തുറന്നുനല്‍കുക, അമേരിക്ക മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കള്‍ വിട്ടുനല്‍കുക തുടങ്ങിയവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍. അതേസമയം, ഹോര്‍മൂസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നും നിലവിലെ സാഹചര്യങ്ങള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നുമാണ് യു.എസ് പ്രതിനിധി ജെ.ഡി. വാന്‍സ് വ്യക്തമാക്കിയത്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും യുദ്ധസാഹചര്യങ്ങള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ചര്‍ച്ച.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories