Share this Article
News Malayalam 24x7
നിർണായക കടമ്പ കടന്നു; 'കേരളം' ബിൽ രാജ്യസഭയിലും പാസാക്കി
വെബ് ടീം
1 hours 21 Minutes Ago
1 min read
keralam bill

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരള എന്നുള്ളത് കേരളം ആക്കി മാറ്റുന്നത് യാഥാർഥ്യത്തിലേക്ക്. പേരുമാറ്റലിന്‍റെ ഭാഗമായുള്ള ചരിത്രപ്രധാനമായ ബിൽ രാജ്യസഭയും പാസാക്കി. ലോക്സഭയിൽ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തിനിടയിലാണ് ബിൽ പാസായത്. ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ 'കേരളം' എന്ന പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഔദ്യോഗികമായി നിലവിൽ വരും.

വള്ളത്തോള്‍ കവിത ചൊല്ലി പ്രസംഗം തുടങ്ങിയ ജെബി മതേക്കര്‍ അമിത് ഷായെ എവിടെയെന്ന ചോദ്യം ഉന്നയിച്ച തോടെ ജെപി നദ്ദയുടെ നേത‍ൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ ബഹളം വെച്ചു. വി ഡി സവര്‍ക്കറെ കുറിച്ചുള്ള ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സംഭവം ഉന്നയിച്ചപ്പോള്‍ സഭയിലുണ്ടായിരുന്ന എല്‍ഡിഎപഫ് എംപിമാര്‍ എതിര്‍ത്തു. പിന്നീട് ബിജെപിക്കായി സംസാരിച്ച സുധാംശു ത്രിവേദി അബ്ദുള്‍ നാസര്‍ മദനിക്ക് വേണ്ടി കേരളം പ്രമേയം പാസാക്കിയതാണെന്നും ജിന്നയുടെ ലീഗ് സര്‍ക്കാരിന്‍റെ ഭാഗമാണന്നും ആരോപിച്ചു. വി എസ് അച്യുതാന്ദന്‍ കേരളത്തിലെ മുസ്ലീം ജനസംഖ്യ കൂടുന്നതില്‍ ആശങ്ക അറിയിച്ചിരുന്നുവെന്ന് കൂടി പറഞ്ഞതോടെ സഭയില്‍ വലിയ ബഹളം നടന്നു.

വി ശിവദാസന്‍, എ എ റഹിം, ജോസ് കെ മാണി, ഹാരിസ് ബിരാന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സുഷ്മിത ദേവ് എംപി ലുങ്കിവാലായെന്ന് പരിഹസിച്ചത് രാവിലെ ജോണ്‍ബ്രിട്ടാസ് ഉന്നയിച്ചതും വലിയ ബഹളത്തിനിടയാക്കി.പ്രാദശിക ഭേദങ്ങളുടെ പേരില്‍ ആരും ആരേയും അപമാനിക്കരുതെന്ന് ചെയര്‍മാന്‍ റൂളിംഗ് നല്‍കി. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ താന്‍ പറയാത്ത കാര്യങ്ങളാണ് ബ്രിട്ടാസ് ഉന്നയിച്ചതെന്നും അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും സുഷ്മിത ദേവ് വ്യക്തമാക്കി. അതേസമയം, എഫ്സിആർഎ ജെപിസിക്ക് വിടാനുള്ള പ്രമേയം രാജ്യസഭയും അംഗീകരിച്ചു.

സംസ്ഥാന രൂപീകരണ സമയം മുതൽ മലയാളത്തിൽ 'കേരളം' എന്നാണെങ്കിലും ഭരണഘടനയിൽ 'കേരള' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭരണഘടനയുടെ മൂന്നാം അനുച്ഛേദപ്രകാരം കേന്ദ്ര സർക്കാർ ലോക്സഭയിൽ ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കിയത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories