Share this Article
News Malayalam 24x7
കേരള എഞ്ചിനീയറിംഗ്; ഏതെങ്കിലും ഒരു കോളേജിൽ പോയാൽ 12 കോളേജുകളിലെ പ്രവേശനം സാധ്യമാകും; കെടിയു അഞ്ചാം സെമസ്റ്റർ ഇയർ ബാക്ക് ഒഴിവാക്കി
വെബ് ടീം
5 hours 3 Minutes Ago
1 min read
ktu

തിരുവനന്തപുരം/കൊച്ചി: കേരളത്തിലെ സർക്കാർ - എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുള്ള ബി.ടെ.ക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ.കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇതു വഴി 9 സർക്കാർ എഞ്ചിനീയറിംഗ് കോളേജിലും 3 എയ്ഡഡ് കോളേജിലും ഏതിലും ഒഴിവുണ്ടായാൽ വിദ്യാർത്ഥികൾക്ക് ഒറ്റ കേന്ദ്രത്തിൽ വെച്ച് തന്നെ പ്രവേശനം നേടാമായിരുന്നു.എന്നാൽ ഇത്തവണ ഓരോ കോളേജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനമാണ് വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയർന്നതിന് പിന്നാലെ മന്ത്രിയുടെ നിർദ്ദേശപ്രകാരം കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കിയത്. 13 ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ പോകാതെ തന്നെ 9 ഗവ.ഞ്ചിനീയറിംഗ് കോളേജിലും 3 എയ്ഡഡ് കോളേജിലും പ്രവേശനം നേടാൻ കഴിയും. ഇതിനായി 12 ൽ ഏതെങ്കിലും ഒരു കോളേജിൽ എത്തി അപേക്ഷകർ റിപ്പോർട്ട് ചെയ്താൽ കേന്ദ്രീകൃത സോഫ്റ്റ്‌വെയർ മുഖാന്തരം റാങ്ക് അനുസരിച്ച് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 13-ാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുമ്പായി 12 ൽ ഏതെങ്കിലും ഒരു കോളേജിൽ എത്തി റിപ്പോർട്ട് ചെയ്യണം.

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ (കെടിയു) 2026–27 അധ്യയന വർഷത്തിൽ അഞ്ചാം സെമസ്റ്ററിൽ ഇയർ ബാക്ക് സംവിധാനം നടപ്പാക്കേണ്ടതില്ലെന്ന് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ഒന്നര വർഷമായി തീർപ്പാകാതെ കിടന്നിരുന്ന വിവിധ വിഷയങ്ങളിലാണ് ഇപ്പോൾ തീരുമാനമായത്.

എയ്ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽ, അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ പ്രാരംഭ നിയമനങ്ങൾ അനുകൂലമായി പരിഗണിക്കാൻ തീരുമാനിച്ചു. ഈ നിയമനങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജുകളിലെ വിദഗ്ധ പരിശോധന, അക്കാദമിക് ഓഡിറ്റ്, ഫാക്കൽറ്റി ഓഡിറ്റ് എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു. കൂടാതെ, സർവകലാശാലാ ഭരണവും അക്കാദമിക് പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റികൾക്കും രൂപം നൽകി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories