ന്യൂഡൽഹി: പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെയുടെ മകളുടെ ഡൽഹിയിലെ വിവാഹ സൽക്കാര ചടങ്ങ് അപൂർവമായ ഒരു രാഷ്ട്രീയ കാഴ്ചക്ക് വേദിയായി. രാഷ്ട്രീയ എതിരാളികളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒരേ വേദിയിലെത്തി.വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ അമിത് ഷാക്കെതിരായ കോൺഗ്രസ് ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് രേവതി സുലെയുടെ വിവാഹ സൽക്കാരത്തിൽ ഇരുവരും ഒന്നിച്ചെത്തിയത്. ഇതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൈകൾ പിന്നിൽ കെട്ടി നവവധൂവരന്മാർക്ക് ആശംസ നേരാനായി കാത്തുനിൽക്കുന്ന അമിത് ഷായും സമീപത്തായി രാഹുൽ ഗാന്ധിയും നിൽക്കുന്നതാണ് ചിത്രങ്ങൾ. വേദിയിലുള്ള വധൂവരന്മാരെ കാണാനെത്തിയ അമിത് ഷായെ സുപ്രിയ സുലെ സ്വീകരിച്ചു. പിന്നാലെ കൈകൾ കൂപ്പി വണങ്ങിയ അമിത് ഷാ ദമ്പതികളെ അനുഗ്രഹിക്കുകയും പൂച്ചെണ്ട് സമ്മാനിക്കുകയും ചെയ്തു.ദമ്പതികൾ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തു.
തുടർന്നാണ് സോണിയാ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം രാഹുൽ ഗാന്ധി വേദിയിലെത്തിയത്. വേദിയിൽ അതിഥികളെ അഭിവാദ്യം ചെയ്തതിനു പിന്നാലെ സോണിയാ ഗാന്ധി ഒരു വശത്തേക്ക് നീങ്ങി. എന്നാൽ സുപ്രിയ സുലെ അവരെ തിരികെ വധൂവരൻമാരുടെ അരികിലേക്ക് കൂട്ടിക്കൊണ്ടുവരികയും രാഹുൽ ഗാന്ധിയെ ദമ്പതികളുടെ അടുത്തായി നിർത്തിയ ശേഷം മാറിനിൽക്കുകയും ചെയ്തു. ഡൽഹിയിലെ ആറ് ജൻപഥിൽ നടന്ന സൽക്കാരത്തിൽ രഷ്ട്രീയ, സമൂഹിക, വ്യാവസായ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ജൂണിൽ മുംബൈയിലാണ് നാഗ്പൂർ വ്യവസായിയായ സാരംഗ് ലഖാനിയുമായുള്ള രേവതി സുലെയുടെ വിവാഹം നടന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഡൽഹിയിൽ സൽക്കാരം സംഘടിപ്പിച്ചത്.