ന്യൂഡൽഹി: കേരളത്തിന്‍റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. ചൊവ്വാഴ്ച പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെ ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ‘കേരള (പേരുമാറ്റം) ബിൽ, 2026’ ലോക്സഭയിൽ അവതരിപ്പിച്ചത്. തുടർന്ന് പാസാക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന്‍റെ ബഹളം കാരണം സാധിച്ചില്ല. ഇതേ തുടർന്ന് ചൊവ്വാഴ്ച ബിൽ വീണ്ടും സഭയുടെ പരിഗണനയിൽ കൊണ്ട് വന്ന് പാസാക്കുകയായിരുന്നു.
രണ്ട് വർഷം മുൻപ് സംസ്ഥാന നിയമസഭ ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ പേരുമാറ്റ ബിൽ അവതരിപ്പിച്ചത്. ‘കേരള’ എന്ന സംസ്ഥാനത്തിന്‍റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനും ഭരണഘടനയിലെ ബന്ധപ്പെട്ട വ്യവസ്ഥകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനും അനുബന്ധ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിനുമാണ് ബിൽ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തിന് അനുസൃതമായി, ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്‍റെ പേര് ‘കേരള’ എന്നതിനു പകരം ‘കേരളം’ എന്നാക്കി ഭേദഗതി വരുത്തും. ലോക്സഭ പാസാക്കിയതിനു പിന്നാലെ ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും. തുടർന്ന് രാജ്യസഭ കൂടി പാസാക്കിയാൽ രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ കേരളത്തിന്‍റെ പേര് ഔദ്യോഗികമായി കേരളം എന്നായി മാറും.