യുദ്ധത്തിലും സംഘർഷങ്ങളിലും സംഭവിച്ച ആളപായങ്ങൾക്കും നാശനഷ്ടങ്ങൾക്കുമായി ഇറാനിൽ നിന്ന് വൻ തുക നഷ്ടപരിഹാരം ഈടാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദശാബ്ദങ്ങളായി ഇറാൻ തുടരുന്ന ആക്രമണങ്ങളും നാശനഷ്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്.
കഴിഞ്ഞ അഞ്ച് മാസത്തെ സൈനിക സംഘർഷത്തിനിടെ അമേരിക്കയും ഇസ്രായേലും വരുത്തിവച്ച നാശനഷ്ടങ്ങൾക്ക് യു.എസ് നഷ്ടപരിഹാരം നൽകിയാലേ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കൂ എന്ന ഇറാന്റെ മുൻ നിലപാടിന് മറുപടിയായാണ് ട്രംപിന്റെ പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി ചർച്ചകളിൽ ഈ വിഷയം പ്രധാന അജണ്ടയായി ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായി ഉണ്ടായ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കും ഇറാനിൽ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഇറാൻ നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം. ഹോർമൂസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കൻ നാവികസേനയ്ക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഇറാന്റെ സമുദ്രാതിർത്തിയിൽ യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉൾപ്പെടെയുള്ള സൈനിക നടപടികൾ പൂർണ്ണമായും പിൻവലിക്കാതെ ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായി പ്രതികരിച്ചു.