ഫേസ്ബുക്കിലൂടെയുള്ള വെല്ലുവിളികള്‍ നിറഞ്ഞ പോസ്റ്റുകള്‍ പങ്കുവെച്ചത് താന്‍ തന്നെയാണെന്ന് അര്‍ജുന്‍ ആയങ്കി പൊലീസിന് മൊഴി നല്‍കി. പോസ്റ്റ് ഇടാനുപയോഗിച്ച ഐ ഫോണ്‍ കണ്ടെത്തി. അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ ഷൂറാക്കില്‍ നിന്നാണ് ഫോൺ കണ്ടെത്തിയത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വൈ-ഫൈ കണക്റ്റിവിറ്റി ഉപയോഗിച്ച് സ്വന്തം ഐഫോണില്‍ നിന്നാണ് താന്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടതെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്യുന്നില്ലെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ, ആയങ്കിക്കെതിരെ കാപ്പ ചുമത്താനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ആയങ്കിയുടെ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് വളപട്ടണം എസ്.എച്ച്.ഒ പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കൂടുതല്‍ നടപടികള്‍ക്കായി കളക്ടര്‍ക്ക് അയക്കും.