Share this Article
News Malayalam 24x7
എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിനെതിരെ ഗുരുതര കണ്ടെത്തലുകള്‍
Air India Phuket-Delhi Flight Drop

തായ്‌ലാന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്നു എയര്‍ഇന്ത്യ വിമാനം അപ്രതീക്ഷിതമായി 300 അടി താഴേക്ക് പതിച്ച സംഭവത്തില്‍ പൈലറ്റിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. അപകട സമയത്ത് പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി ലാബ് പരിശോധനയില്‍ സ്ഥിരീകരിച്ചു. 

രണ്ടുതവണ നടത്തിയ പരിശോധനയിലും ഇയാളുടെ സാമ്പിളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തുകയായിരുന്നു. വിമാനം പറത്തുന്നതിനിടയില്‍ പൈലറ്റ് അസാധാരണമായി പെരുമാറിയതായും നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന പൈലറ്റിനെ ക്യാബിന്‍ ക്രൂവും സഹ പൈലറ്റും ചേര്‍ന്നാണ് സീറ്റില്‍ പിടിച്ചിരുത്തിയതെന്നും പരാതിയുണ്ട്. 

വിമാനം പെട്ടന്ന് താഴേക്ക് പതിച്ചതോടെ 20 യാത്രക്കാര്‍ക്കും 4 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ സി.ഇ.ഒയോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണവും പുരോഗമിക്കുകയാണ്. പൈലറ്റിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. 

മെഡിക്കല്‍ റിവ്യൂ ഓഫീസറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടികളിലേക്ക് കടക്കാനാണ് സാധ്യത. ആവര്‍ത്തിക്കാതിരിക്കാന്‍ പൈലറ്റുമാരുടെ ലഹരി പരിശോധനകള്‍ കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories