Share this Article
News Malayalam 24x7
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം
CJP Protest at Jantar Mantar

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കോക്സ് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രതിഷേധം നാടകീയ രംഗങ്ങള്‍ക്ക് വഴിമാറി. ഇന്നലെ ഉച്ചയോടെ ആരംഭിച്ച സമരം പൊലീസ് വിലക്ക് മറികടന്ന് രാത്രിയിലും തുടരുകയാണ്. രാജ്യത്തെ ഒരു കോടിയോളം വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ച വിദ്യാഭ്യാസ മന്ത്രി രാജി വെക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് സമരത്തിന് അനുമതിയെന്നും അതിനാല്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയാറായില്ല. ഇതോടെ സമരം അടിച്ചമര്‍ത്താന്‍ പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നു. ജന്തര്‍ മന്തറിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നത് തടയുകയും ചെയ്തു.


എന്നാല്‍ പൊലീസിന്റെ ഈ നടപടികളില്‍ വഴങ്ങാന്‍ സിജെപി പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല. വൈദ്യുതി പോയതോടെ മൊബൈല്‍ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകള്‍ ഓണാക്കിയും ഇന്‍സ്റ്റാഗ്രാമിലൂടെ തത്സമയം പ്രക്ഷേപണം ചെയ്തുമാണ് ഇവര്‍ പ്രതിഷേധം തുടര്‍ന്നത്.


തങ്ങള്‍ തീവ്രവാദികളല്ലെന്നും സമാധാനപരമായി സമരം ചെയ്യുന്ന തങ്ങളെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടെങ്കില്‍ പൊലീസ് തയാറാകണമെന്നും സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ വെല്ലുവിളിച്ചു. ബാരിക്കേഡുകള്‍ വെച്ച് കുടിവെള്ളം തടഞ്ഞ പൊലീസിന്റെ നടപടിയെ പരിഹസിച്ച അദ്ദേഹം, സമരക്കാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഇനി വ്യോമസേനയെ വിളിക്കേണ്ടി വരുമോ എന്നും ചോദിച്ചു. മണിക്കൂറുകളോളം നീണ്ട നാടകീയ രംഗങ്ങളാണ് ജന്തര്‍ മന്തറില്‍ അരങ്ങേറിയത്.


സമാധാനപരമായി സമരം ചെയ്യാനുള്ള ജനാധിപത്യ അവകാശം പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് സിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. മറ്റൊരു സമരസ്ഥലം അനുവദിച്ചാല്‍ അങ്ങോട്ട് മാറാന്‍ തയാറാണെന്നും എന്നാല്‍ സമരം അവസാനിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. സമരക്കാര്‍ പിരിഞ്ഞുപോകാത്ത പശ്ചാത്തലത്തില്‍ പൊലീസും സിജെപി പ്രവര്‍ത്തകരും തമ്മില്‍ കൂടുതല്‍ സംഘര്‍ഷത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories