ചോദ്യപേപ്പര്‍ ചോര്‍ച്ചയെയും അനുബന്ധ ക്രമക്കേടുകളെയും തുടര്‍ന്ന് വലിയ വിവാദത്തിലായ നീറ്റ് യുജി (NEET-UG) പരീക്ഷയുടെ പുനഃപരീക്ഷ ഇന്ന് നടക്കും. രാജ്യത്തുടനീളം അഭൂതപൂര്‍വ്വമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് 2.00 മണി മുതല്‍ വൈകുന്നേരം 5.15 വരെയാണ് പരീക്ഷാ സമയം. രാജ്യത്താകെയുള്ള 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇന്ന് വീണ്ടും പരീക്ഷയെഴുതുന്നത്.
പരീക്ഷാ കേന്ദ്രങ്ങളില്‍ അതീവ ജാഗ്രതയും ശക്തമായ സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ട് ലക്ഷത്തോളം പോലീസ് ഉദ്യോഗസ്ഥരെയും 15,000 അര്‍ദ്ധസൈനികരെയുമാണ് വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷയ്ക്കായി പ്രത്യേക അര്‍ദ്ധസൈനിക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമായി ഒന്നര ലക്ഷത്തോളം സിസിടിവി ക്യാമറകളും ക്രമക്കേടുകള്‍ തടയാനായി 51,000 സിഗ്നല്‍ ജാമറുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അറിയിച്ചു. പരീക്ഷാ ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനായി എൻടിഎയുടെ പ്രത്യേക സംഘവും സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനായി ഹൈ ലെവൽ മോണിറ്ററിംഗ് സെന്ററും സജ്ജമാക്കിയിട്ടുണ്ട്. 674 സിറ്റി കോര്‍ഡിനേറ്റര്‍മാരും 6,669 നിരീക്ഷകരും പരീക്ഷാ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കും.
പരീക്ഷാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്‍ടിഎ പുറപ്പെടുവിച്ചിട്ടുണ്ട്:
അഡ്മിറ്റ് കാര്‍ഡിനൊപ്പം (ഹാള്‍ ടിക്കറ്റ്) സാധുവായ തിരിച്ചറിയല്‍ രേഖയും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും പരീക്ഷാര്‍ത്ഥികള്‍ കരുതേണ്ടതുണ്ട്.
രാവിലെ 11.00 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനം. ഈ സമയത്തിനുള്ളില്‍ തന്നെ പരീക്ഷാര്‍ത്ഥികള്‍ പ്രവേശനം ഉറപ്പാക്കണം.
പരീക്ഷാ ഹാളില്‍ എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ക്രമക്കേടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എൻടിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദേശീയതലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച പരീക്ഷയായതിനാല്‍ കുറ്റമറ്റ രീതിയില്‍ പുനഃപരീക്ഷ നടത്തേണ്ടത് എന്‍ടിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും അഭിമാനപ്രശ്നമാണ്. ഇതിന്റെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങളാണ് നടത്തിയത്. ചോദ്യപേപ്പറുകള്‍ വ്യോമമാര്‍ഗ്ഗമാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചത്. കൂടാതെ ചോദ്യപേപ്പര്‍ തയ്യാറാക്കിയവരെ പ്രത്യേകം ക്വാറന്റൈനിലാക്കിയ ശേഷമാണ് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.