Share this Article
News Malayalam 24x7
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുന്നു; 13 പേര്‍ക്ക് കൂടി ഷിഗെല്ല
New Shigella Infections Reported

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന് അയവില്ലാതെ തുടരുന്നു. ഇന്നലെ മാത്രം 13,187 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ രോഗബാധിതന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ അബോധാവസ്ഥയിലുള്ള ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.

എന്നാല്‍, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേരിയ ആശ്വാസം നല്‍കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. രോഗബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്രവം പരിശോധിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ഫലം നെഗറ്റീവായി. ഇത് ആരോഗ്യവകുപ്പിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.


ഇതിനിടെ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും വര്‍ദ്ധിക്കുകയാണ്. പുതുതായി 13 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്കും, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും, പാലക്കാട് രണ്ട് പേര്‍ക്കും, കൊല്ലത്ത് ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.


ഇതോടെ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ആകെ ഷിഗെല്ല കേസുകളുടെ എണ്ണം 209 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ അഞ്ച് പേര്‍ ഷിഗെല്ല ബാധിച്ച് മരണപ്പെടുകയും ചെയ്തു. ജൂണ്‍ മാസത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories