താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതകളും തര്‍ക്കങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം ചേരുന്നത്.
നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്നാണ് ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എക്സിക്യൂട്ടീവ് അംഗങ്ങളായ ലക്ഷ്മിപ്രിയ, ടിനി ടോം, അൻസിബ ഹസ്സൻ എന്നിവര്‍ തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളാണ് സംഘടനയില്‍ പുതിയ പ്രതിസന്ധികള്‍ക്ക് വഴിവെച്ചത്. ഈ തര്‍ക്കങ്ങള്‍ ഇന്നത്തെ പൊതുയോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും.
സംഘടനയ്‌ക്കെതിരെ നിരന്തരം പരസ്യപ്രസ്താവനകള്‍ നടത്തുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ച് അന്‍സിബ ഹസ്സനെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്നതാണ് ഇന്നത്തെ യോഗം ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന വിഷയം. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സംഘടനയ്‌ക്കെതിരെ സംസാരിച്ചതിന് അന്‍സിബയ്ക്ക് 'അമ്മ' കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടീസിന് അന്‍സിബ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അന്‍സിബയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമോ എന്നതില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.