Share this Article
News Malayalam 24x7
വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടി KSEB
KSEB Seeks Permission to Purchase Additional Electricity Amid Rising Power Demand in Kerala

കേരളത്തിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡുകൾ ഭേദിച്ചു മുന്നേറുകയാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിനായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടി. യൂണിറ്റിന് പത്തു രൂപ വരെ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ നീക്കം.

രാത്രിയിലെ പരമാവധി വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നത് ബോർഡിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 11.62 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്, ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന ഉപയോഗമാണ്. മെയ് 15 വരെ വൈദ്യുതി ഉപയോഗം ഇതേ രീതിയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക വിലയിരുത്തൽ.


ആഭ്യന്തര ഉൽപ്പാദനവും നിലവിലുള്ള കരാറുകളും വഴി ലഭിക്കുന്ന വൈദ്യുതി വർദ്ധിച്ച ആവശ്യം നിറവേറ്റാൻ തികയാതെ വന്നതോടെയാണ് പവർ എക്സ്ചേഞ്ചിൽ നിന്നും ടേം എഹെഡ് മാർക്കറ്റിൽ നിന്നും വൈദ്യുതി വാങ്ങാൻ ബോർഡ് തീരുമാനിച്ചത്. ഏപ്രിൽ പകുതി മുതൽ മെയ് പകുതി വരെയുള്ള കാലയളവിൽ ഏകദേശം 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അപേക്ഷ നൽകിയിരിക്കുന്നത്. 

ഈ അപേക്ഷയിൽ ഏപ്രിൽ 22-ന് റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് നടത്തും. വൈദ്യുതി വാങ്ങൽ ചിലവ് കുറയ്ക്കുന്നതിനും ആവശ്യകത കൃത്യമായി വിലയിരുത്തുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക സമിതികൾക്കും കെഎസ്ഇബി രൂപം നൽകിയിട്ടുണ്ട്. തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുന്നതിനും നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുമാണ് ഉയർന്ന വില നൽകിയാണെങ്കിലും വൈദ്യുതി വാങ്ങാൻ ബോർഡ് തീരുമാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories