ദക്ഷിണ കൊറിയയുമായുള്ള യുഎസിന്റെ സംയുക്ത സൈനികാഭ്യാസങ്ങൾ വെട്ടിച്ചുരുക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് നിർദ്ദേശം നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള തന്റെ മികച്ച ബന്ധം ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പുതിയ തീരുമാനം.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഈ അഭ്യാസങ്ങൾക്കായി ചെലവാകുന്ന തുകയുടെ ഭൂരിഭാഗവും യുഎസ് ആണ് വഹിക്കുന്നത്. കൂടാതെ, നിലവിലെ സാഹചര്യത്തിൽ ഉത്തരകൊറിയയോട് ശത്രുതാപരമായ ഒരു സന്ദേശം നൽകാൻ ഈ അഭ്യാസങ്ങൾ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരകൊറിയ സമീപകാലത്തായി ബഹുമാനത്തോടെയാണ് പെരുമാറുന്നതെന്നും ഭീഷണികൾ ഒന്നും ഉയർത്തുന്നില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനെ ആണവവിമുക്തമാക്കാനുള്ള യുഎസ് ശ്രമങ്ങളിൽ പങ്കാളികളാകാൻ ദക്ഷിണ കൊറിയൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിനോട് വിസമ്മതിച്ചതായും ട്രംപ് തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.