സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടികൾ കൂടുതൽ ശക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 18.36 കോടി രൂപ ഇ.ഡി മരവിപ്പിച്ചു. ആകെ 242 അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അതേസമയം, കഴിഞ്ഞ ദിവസം ഇ.ഡി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർക്കും നേരെ ഉണ്ടായ അക്രമസംഭവങ്ങളിൽ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സി.പി.ഐ.എം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പരിശോധനയ്‌ക്കെത്തിയ ഇ.ഡി സംഘത്തിന്റെ മൂന്ന് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാവുകയും ചില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. വാഹനത്തിന്റെ ചില്ല് തറച്ചുകയറി ശ്യാം എന്ന ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് സി.പി.ഐ.എം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ മൊഴി. ഇ.ഡി ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ് വൻ ജനക്കൂട്ടം തടിച്ചുകൂടിയിട്ടും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച പറ്റി എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റും ശക്തമായ തുടർനടപടികളും ഉണ്ടാകുമെന്നാണ് സൂചന.