തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും പാത തുറക്കുന്നതിനുമായി അമേരിക്കയ്ക്കു മുന്നിൽ ആറ് കടുത്ത നിബന്ധനകൾ വെച്ച് ഇറാൻ. ഇറാന്റെയും സഖ്യകക്ഷികളുടെയും മേലുള്ള ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിക്കുക, അമേരിക്കയുടെ നാവിക ഉപരോധം അവസാനിപ്പിച്ച് സേനയെ പിൻവലിക്കുക തുടങ്ങി പ്രധാനപ്പെട്ട ആറ് ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്.
യുദ്ധ നാശനഷ്ടങ്ങൾക്കായി ഇറാന് 300 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ മുഴുവൻ ആസ്തികളും വിട്ടുനൽകണമെന്നും വ്യവസ്ഥയിലുണ്ട്. കൂടാതെ, ഹോർമുസിലൂടെ കടന്നുപോകുന്ന ചരക്കുകൾക്ക് ഏഴ് ശതമാനം വരെ ഫീസ് ഈടാക്കാനുള്ള ഇറാന്റെ അവകാശം അംഗീകരിക്കണമെന്നും, യു.എസ് - ഇസ്രായേൽ കപ്പലുകൾക്ക് കടലിടുക്കിലൂടെ നിരോധനം ഏർപ്പെടുത്തണമെന്നും ഇറാൻ ആവശ്യപ്പെടുന്നു .
അതേസമയം, ഹോർമുസ് പാതയിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര വാണിജ്യ കപ്പലുകളെ യാതൊരു കാരണവശാലും ആക്രമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു . കഴിഞ്ഞ ദിവസങ്ങളിൽ യു.എ.ഇ കമ്പനിയുടെ കപ്പലിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, ഇറാന്റെ നിബന്ധനകളോടുള്ള യു.എസിന്റെ നിലപാട് വരുംദിവസങ്ങളിൽ നിർണായകമാകും.