കൊച്ചി: ആരാധകർക്ക് ആവേശമായി ഗോൾമഴയുമായി ലജൻഡ്സ്. ഐ.എം.വിജയൻ നയിച്ച ഇന്ത്യൻ ഓൾ സ്റ്റാർസിനെ (ഇന്ത്യൻ ലജൻഡ്സ്) മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ഇതിഹാസ താരങ്ങളായ റൊണാൾഡീഞ്ഞോയും റിവാൾഡോയും ഉൾപ്പെടുന്ന ബ്രസീൽ ലജൻഡ്സ്. കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന 'റിട്ടേൺ ഓഫ് ദി ടൈറ്റൻസ്' മത്സരപരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ആവേശപ്പോരാട്ടം.ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്തതോടെ മത്സരത്തിൽ ആകെ 7 ഗോളുകളാണ് പിറന്നത്.
ഇന്ത്യൻ ഓൾ സ്റ്റാർസിന് വേണ്ടി സി.കെ. വിനീത് ഇരട്ട ഗോളുകൾ (brace) നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡീഞ്ഞോ പെനാൽറ്റിയിലൂടെ ഗോൾ നേടിയത് കാണികൾക്ക് ആവേശമായി.
റിവാൾഡോ, എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ് (ഗോൾകീപ്പർ), അമാറൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽറ്റൺ, സൂസ, പാരാ, ഡിയോഗോ തുടങ്ങിയവരാണു ബ്രസീൽ ടീമിലുണ്ടായിരുന്നത്. മലയാളി താരങ്ങളായ ഐ.എം.വിജയൻ, സി.കെ.വിനീത്, മുഹമ്മദ് റാഫി, ജോപോൾ അഞ്ചേരി, റിനോ ആന്റോ എന്നിവർക്കൊപ്പം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയയും ഇന്ത്യയ്ക്കു വേണ്ടി കളത്തിലിറങ്ങി.
‘റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ പ്രദർശന മത്സര പരമ്പരയിലെ ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിൽ ബ്രസീൽ 2 –1 ന് ഇന്ത്യയെ തോൽപിച്ചിരുന്നു.