Share this Article
News Malayalam 24x7
സഹോദരൻ വിളിച്ചപ്പോൾ ‘സുഖമാണ്’ എന്ന് ടെക്സ്റ്റ് മെസ്സേജ്; കാറിനുള്ളിലെ ബാഗിൽ 9 കഷണങ്ങളാക്കി മൃതദേഹം; ഭാര്യയെയും മകനെയും കാണാനില്ല
വെബ് ടീം
2 hours 29 Minutes Ago
1 min read
PRAKASH

ഷാർജ: ഉഡുപ്പി സ്വദേശിയെ ഷാർജയിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഉഡുപ്പി സ്വദേശിയായ ആൽവിൻ പ്രകാശ് കുണ്ടറാണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാതായതിനെ തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജൂലൈയിൽ നടന്ന കൊലപാതകത്തിന്റെ വിവരം പുറത്തുവരുന്നത്.ഷാർജ വിമാനത്താവളത്തിൽ 14 വർഷത്തോളം ജോലി ചെയ്തിരുന്ന പ്രകാശ്, ഭാര്യ ടീന കുണ്ടറിനും പത്താം ക്ലാസ് വിദ്യാർഥിയായ മകനുമൊപ്പമാണ് യുഎഇയിൽ താമസിച്ചിരുന്നത്. ടീന സ്കൂൾ അധ്യാപികയായിരുന്നു.ജൂലൈ 20നോട് അടുത്ത് സഹോദരൻ അനിൽ പ്രശാന്ത് കുണ്ടർ പ്രകാശിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഫോൺ എടുത്തില്ലെങ്കിലും താൻ സുഖമായിരിക്കുന്നുവെന്ന് പ്രകാശ് മെസേജ് അയച്ചു. സാധാരണ വോയ്സ് മെസേജുകളിലൂടെയാണ് പ്രകാശ് ആശയവിനിമയം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഈ സന്ദേശത്തിൽ കുടുംബത്തിന് സംശയം തോന്നുകയായിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും വിളിച്ചെങ്കിലും പ്രകാശിനെ ബന്ധപ്പെടാനായില്ല. തുടർന്ന് അനിൽ, ഷാർജയിലുള്ള പ്രകാശിന്റെ സുഹൃത്തും സഹപാഠിയുമായ മനോഹറിനോട് ഫ്ലാറ്റിലെത്തി അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫ്ലാറ്റിലെത്തിയ മനോഹറിനോട് പ്രകാശ് ഇന്ത്യയിലേക്ക് പോയെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. കമ്പനിയുടെ എച്ച്ആർ വിഭാഗവും കുടുംബത്തോട് പ്രകാശ് ഇന്ത്യയിലേക്ക് പോയതായി അറിയിച്ചു.എന്നാൽ പ്രകാശ് ഇന്ത്യയിൽ എത്തിയിട്ടില്ലെന്ന് അനിൽ കമ്പനിയെ അറിയിച്ചു. തുടർന്ന് നടത്തിയ പാസ്‌പോർട്ട് പരിശോധനയിൽ പ്രകാശ് ഷാർജയിൽ തന്നെയുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതായാണ് കുടുംബം പറയുന്നത്. പിന്നാലെ കാണാതായതായി പരാതി നൽകി.

തുടർന്നുള്ള അന്വേഷണത്തിനിടെയാണ് ഒമാനിലേക്കുള്ള റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒൻപത് കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കിയ നിലയിലായിരുന്നുവെന്ന് സഹോദരൻ അനിൽ പറഞ്ഞു. പിന്നീട് മൃതദേഹം പ്രകാശിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഷാർജ അധികൃതരുടെ അന്വേഷണം തുടരുകയാണ്. പ്രതികളെക്കുറിച്ചോ കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.പ്രകാശിന്റെ മരണത്തിന് പിന്നാലെ ഭാര്യ ടീനയെയും മകനെയും കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഷാർജ വിട്ട് ഇന്ത്യയിലേക്ക് പോയിരിക്കാമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories