Share this Article
News Malayalam 24x7
കാമുകനുമായുള്ള വിഡിയോ കോളിനിടെ യുവതി ജീവനൊടുക്കി; തൂങ്ങിമരിച്ച ശേഷവും കോൾ കട്ടാകാതെ 23മിനിറ്റ്
വെബ് ടീം
0 hours 49 Minutes Ago
1 min read
videocall

ന്യൂഡൽഹി: വീഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി ജീവനൊടുക്കി. 34കാരനായ യുവാവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നെന്നും വിവാഹാഭ്യർഥന നിരസിച്ചതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. വിവാഹവാഗ്ദാനം നൽകി യുവാവ്  ലൈംഗികമായി ചൂഷണം ചെയ്യുകയും പിന്നീട് തന്റെ ആക്ഷേപകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കുടുംബം ആരോപിച്ചു.

നാഗ്പുരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. മഹാരാഷ്ട്ര അമരാവതി സ്വദേശിയായ യുവാവ് പൂണെയിൽ പി എച്ച് ഡി  വിദ്യാർഥിയാണ്. കുറച്ചു മാസങ്ങൾ മുൻപ് യുവാവും സുഹൃത്തും കൂടി യുവതിയുടെ മാതാവിനെ സമീപിക്കുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു.

എന്നാൽ യുവാവിന്റെ വീട്ടുകാർ വിവാഹത്തെ എതിർത്തു. യുവാവ് ഇത് യുവതിയിൽനിന്നു മറച്ചുവയ്ക്കുകയും നാഗ്പുരിലെത്തി അവരെ കാണുന്നത് തുടരുകയും ചെയ്തു. തുടർന്ന് യുവതി വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ അതിൽനിന്ന് ഒഴിഞ്ഞുമാറി. കുറച്ചു ദിവസങ്ങൾക്ക് ശേഷം വിവാഹം കഴിക്കാനാകില്ലെന്നും യുവാവ് യുവതിയെ അറിയിച്ചെന്നും പൊലീസ് പറയുന്നു.

വിവാഹത്തിനായി സമ്മർദ്ദം ചെലുത്തിയാൽ അവളുടെ അധിക്ഷേപകരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

സെപ്റ്റംബർ 19ന് രാത്രി യുവതി ഇയാളെ വിഡിയോ കോൾ ചെയ്ത് താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്നു പറഞ്ഞു. എന്നാൽ യുവാവ് അവളെ തടയാൻ ശ്രമിച്ചില്ലെന്നും കോളിനിടയിൽ തന്നെ യുവതി തൂങ്ങി മരിച്ചെന്നും യുവതിയുടെ മാതാവു നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ മരണശേഷം 23 മിനിറ്റ് കോൾ നീണ്ടുനിന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

യുവാവിനെതിരെ ദന്തോളി പോലീസ് സ്റ്റേഷനിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു.ലൈംഗിക ചൂഷണം, ഭീഷണികൾ, അവസാന വീഡിയോ കോളിനിടെയുള്ള പെരുമാറ്റം എന്നീ ആരോപണങ്ങളിൽ അന്വേഷണം തുടരുന്നതിനിടെ, നാഗ്പൂരിലെ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories