നീറ്റ് പരീക്ഷക്രമക്കേടില്‍ സിജെപി സമരത്തെ തുടര്‍ന്ന് രാജിവച്ച ശേഷം ആദ്യ പരസ്യപ്രതികരണവുമായി മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ധര്‍മ്മേന്ദ്ര പ്രധാന്‍. നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്കിടെ ചിലര്‍ പുതുതലമുറയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. അതാണ് താന്‍ രാജിവയ്ക്കാന്‍ കാരണമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
പുതിയ തലമുറയിലെ കുട്ടികള്‍ നമ്മുടെ മക്കളാണ്. എന്നാല്‍ ചിലര്‍ അവരെ തെറ്റായ രീതിയില്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു. എനിക്ക് വ്യക്തിപരമായ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്ത്യയില്‍ ഓരോ വര്‍ഷവും രണ്ട് കോടിയോളം കുട്ടികളാണ് ജനിക്കുന്നത്. അവരാണ് ഇന്ത്യയെ വിശ്വഗുരു ആക്കി മാറ്റാന്‍ പോകുന്നത്.
അതുകൊണ്ട് തന്നെ എനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ഒട്ടും പ്രധാനമായിരുന്നില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി ഞാന്‍ സ്വയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കുകയും കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജി സന്നദ്ധത അറിയിക്കുകയുമായിരുന്നുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഭുവനേശ്വറിലെ ജി എം സര്‍വ്വകലാശാലയില്‍ സംസാരിക്കുകയായിരുന്നു പ്രധാന്‍.