മാഡ്രിഡ്: 2026ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ അജ്ഞാതര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. യു.എസിൽ നടന്ന ലോകകപ്പ് മത്സരങ്ങൾക്കിടയിൽ മെസ്സിയെയും മറ്റ് പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ട് നിരവധി ഭീഷണികളും ഗൂഢാലോചനകളും ഉണ്ടായതായി പൊലീസ്– സുരക്ഷാ രേഖകള്‍ വ്യക്തമാക്കുന്നു. സ്പാനിഷ് മാധ്യമമായ 'ഇൻഫൊർമാസിൻ' (Informacion.es) ആണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
ഡല്ലാസിൽ അർജന്‍റീനയും ജോർദാനും തമ്മിലുള്ള മത്സരത്തിനിടയിലാണ് ഗുരുതരമായ സുരക്ഷാ ഭീഷണിയുണ്ടായത്. സ്റ്റേഡിയത്തിലേക്ക് നാടൻ ബോംബുകളുമായി വരികയാണെന്നും മെസ്സിയെയും കളിക്കാരെയും ആക്രമിക്കുമെന്നുമുള്ള ഭീഷണിയുമായി ഡല്ലാസ് വിമാനത്താവളത്തിലേക്ക് ഒരു ഫോണ്‍കോൾ എത്തിയിരുന്നു.കൂടാതെ, അറ്റ്‌ലാന്റയിൽ അർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായും സമാനമായ ഭീഷണി ഉയർന്നു. ശരീരത്തിൽ ബോംബ് കെട്ടിവെച്ച് സ്റ്റേഡിയത്തിനകത്ത് കടന്ന് മെസ്സിയെ ആക്രമിക്കുമെന്നായിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് വഴിയെത്തിയ ഭീഷണി സന്ദേശം. സ്റ്റേഡിയത്തിനകത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ബോംബുകൾ വെച്ചിട്ടുണ്ടെന്ന സന്ദേശവും പൊലീസിന് ലഭിച്ചു. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും അതീവ സുരക്ഷാ വിഭാഗവും സ്ഥലത്ത് പരിശോധന ശക്തമാക്കിയിരുന്നു.
ലോകകപ്പ് വേളയിൽ ഏറ്റവും കൂടുതൽ ഭീഷണികൾ നേരിട്ട ഫുട്ബോൾ താരം ലയണൽ മെസ്സിയാണെന്ന് സുരക്ഷാ റിപ്പോർട്ടുകൾ പറയുന്നു. എഫ്.ബി.ഐയുടെ ഏകോപനത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളും പൊലീസും ചേർന്ന് നടത്തിയ നീരീക്ഷണത്തിലാണ് ഈ ഭീകരപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മെസ്സിക്ക് പുറമെ മറ്റ് പ്രമുഖ താരങ്ങളും ലോകകപ്പ് വേളയിൽ സുരക്ഷാ ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും ഹോട്ടലിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ യാത്രാ വിവരങ്ങളെക്കുറിച്ചും ചോദിച്ചറിയാന്‍ ശ്രമിച്ച ഒരാളെ സംശയാസ്പദമായ രീതിയില്‍ പെരുമാറിയതിന് ഹൂസ്റ്റൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിറിനാകട്ടെ വാട്സാപ്പിലൂടെ ആറായിരത്തിലധികം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ലോകകപ്പ് ചരിത്രത്തിലെ കനത്ത സുരക്ഷാ വെല്ലുവിളികളാണ് ഈ രേഖകൾ വെളിപ്പെടുത്തുന്നത്.