തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരമായില്ല. ദീർഘകാല കരാറുകൾ വഴിയുള്ള വൈദ്യുതി ലഭ്യതയിൽ വലിയ കുറവുണ്ടായതിനെ തുടർന്ന് ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.കരാർ പ്രകാരം ലഭിക്കേണ്ട 270മെഗാവാട്ട് ഇന്ന് ലഭിച്ചില്ലെന്നും കെ.എസ്.ഇ.ബി. ഇന്ന് വൈകീട്ട് 6.45നും അർധരാത്രി 12.35നും ഇടയിലാകും വൈദ്യുതി നിയന്ത്രണമുണ്ടാകുക. നിലവിലെ പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
വൈദ്യുത നിലയങ്ങളുടെ സാങ്കേതിക തകരാറുകൾ മൂലം മൂന്ന് കമ്പനികളിൽ നിന്നുള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 413 മെഗാവാട്ടിന്റെ കുറവാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയത്. ഉപയോഗം 91.62 ദശലക്ഷം യൂനിറ്റായി കുറഞ്ഞിട്ടും ഇന്നലെ രാത്രിയിൽ സംസ്ഥാനത്ത് രണ്ട് തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നാളെയോടെ പ്രശ്നത്തിൽ ഭാഗികമായെങ്കിലും പരിഹാരമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങൾ നൽകുന്ന സൂചന.