തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് കയ്യാങ്കളി വിഷയത്തില്‍ രമ്യ ഹരിദാസ് എംഎല്‍എയെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ സജിത്ത് മുട്ടപ്പലത്തെയും താക്കീത് ചെയ്ത് കെപിസിസി നേതൃത്വം. കെപിസിസി ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയാണ് പാര്‍ട്ടി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തത്. മുതിര്‍ന്ന നേതാവ് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള സമിതി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് നടപടി.
പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കേണ്ടതില്ലെന്ന് നേതൃത്വം രമ്യയെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുപ്രതികരണം പാടില്ലെന്നും ഇരുവിഭാഗവും നല്‍കിയ കേസുകള്‍ പിന്‍വലിക്കണമെന്നും നേതൃത്വം നിര്‍ദേശം നല്‍കി. രമ്യയുടെ സഹായിയും കെപിസിസി അംഗവുമായ പാളയം പ്രദീപ്, കയ്യാങ്കളി നടന്ന വീടിന്റെ ഉടമയും ചിറയിന്‍കീഴ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ എസ്.സജാദ് എന്നിവരെ കോണ്‍ഗ്രസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. നടപടിക്കു ശേഷം പാളയം പ്രദീപിനെ സ്റ്റാഫാക്കി നിയമിക്കാന്‍ രമ്യ ഹരിദാസ് നടത്തിയ നീക്കവും വിവാദമായിരുന്നു.