ലക്‌നൗ: അധ്യാപികയെ ക്ലാസ്മുറിയിൽ നിന്നും പിടിച്ചിറക്കി വെടിവെച്ച് കൊലപ്പെടുത്തി മുൻകാമുകൻ. ശേഷം ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലുള്ള ഒരു സ്‌കൂളിലാണ് നടുക്കുന്ന സംഭവം. പ്രണയബന്ധം തകർന്നതിലുള്ള പകയാണ് യുവാവിനെ ഈ അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മുഹമ്മദ് സൗദ് എന്ന 27-കാരനാണ് യുപി സ്‌കൂളിലെ അധ്യാപികയായ 26-കാരിയായ നിഷാത് ഫാത്തിമയെ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം ജീവനൊടുക്കിയത്.
ഫാത്തിമയും സൗദും പ്രണയത്തിലായിരുന്നുവെന്നും അടുത്തകാലത്താണ് ഫാത്തിമ ഈ ബന്ധം അവസാനിപ്പിച്ചത് എന്നുമാണ് വിവരം.ഒരു വർഷമായി ഈ സ്‌കൂളിൽ അധ്യാപികയായി ജോലിചെയ്ത് വരികയായിരുന്നു ഫാത്തിമ. സംഭവദിവസം ബാഗിൽ തോക്ക് ഒളിപ്പിച്ചാണ് സൗദ് സ്‌കൂളിലെത്തിയതെന്ന് പോലീസ് പറഞ്ഞു.അയാൾ ഫാത്തിമയെ ക്ലാസ്മുറിയിൽനിന്നും പുറത്തേക്ക് വിളിച്ചുവരുത്തുകയും പിന്നീട് മുകളിലത്തെ നിലയിലെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇരുവരും മുകളിലേക്ക് പോയപ്പോൾ സ്‌കൂളിലെ ഒരു ജീവനക്കാരൻ ഇവരെ പിന്തുടർന്നിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇടനാഴിയിൽവെച്ച് സംസാരിക്കുന്നതിനിടയിൽ സൗദ് തോക്കെടുത്ത് ഫാത്തിമയുടെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അയാൾ സ്വയം വെടിവെക്കുകയും ചെയ്തു. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918.