അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാർ നിറച്ച വലിയ പാത്രത്തിലേക്ക് കാൽ തെറ്റി വീണ് സ്ത്രീ മരിച്ചു. വിജയവാഡയിലെ കെ.എൽ. റാവു നഗർ സ്വദേശി സുജാത (46) ആണ് മരിച്ചത്.
വിനായക ചതുർഥി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അന്നദാന ചടങ്ങിൽ പാചക ജോലികളിൽ സഹായിക്കാനെത്തിയതായിരുന്നു സുജാത. സാമ്പാർ തയാറാക്കുന്നതിനിടെ കാൽ തെറ്റി തിളച്ച സാമ്പാർ പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുജാതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.