Share this Article
News Malayalam 24x7
കടലിൽ കാണാതായ ഗൗതമിനായി തെരച്ചിൽ ഊർജിതം
 Gautham

നീണ്ടകരയിൽ കടലിൽ വള്ളം മറിഞ്ഞ് കാണാതായ നീണ്ടകര സ്വദേശി ഗൗതം കൃഷ്ണയ്ക്കായായുള്ള  തെരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നതോടെ തെരച്ചിൽ നടപടികൾ ഊർജിതമാക്കി. കുടുംബാംഗങ്ങളുടെയും തീരദേശവാസികളുടെയും ആവശ്യപ്രകാരം കൊച്ചിയിൽ നിന്നുള്ള നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധർ നീണ്ടകരയിലെത്തി ആഴക്കടൽ പരിശോധന ആരംഭിച്ചു.

വള്ളം മറിഞ്ഞ് അപകടമുണ്ടായ പ്രദേശ കേന്ദ്രീകരിച്ചാണ് നാവികസേനയുടെ പ്രധാന പരിശോധന നടക്കുന്നത്. മുൻദിവസങ്ങളിൽ അടിത്തട്ടിലെ പാറക്കെട്ടുകൾക്ക് സമീപം വല കണ്ടെത്തിയ ഭാഗങ്ങളിൽ നേവി സംഘം ആഴത്തിൽ മുങ്ങി പരിശോധന നടത്തും. കടൽപ്രദേശം നന്നായി അറിയാവുന്ന രണ്ട് പ്രാദേശിക മത്സ്യത്തൊഴിലാളികളെ വീതം ഓരോ തെരച്ചിൽ ബോട്ടിലും ഉൾപ്പെടുത്തിയിട്ടുണ്ട്.


കഴിഞ്ഞ ദിവസങ്ങളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന് ഇന്ധനം നിറയ്ക്കാനായി കൊച്ചിയിലേക്ക് മടങ്ങേണ്ടി വന്നത് തെരച്ചിലിന്റെ സമയം നഷ്ടപ്പെടുത്തിയിരുന്നു . ഇതിന് പരിഹാരമായി കൊല്ലം ആശ്രമം മൈതാനത്ത് ഇന്ധനമെത്തിച്ച് ഹെലികോപ്റ്ററിൽ നിറയ്ക്കാനുള്ള സൗകര്യം ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള നിരീക്ഷണം തടസ്സമില്ലാതെ തുടരാൻ സാധിക്കും.


അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ തെരച്ചിൽ നടക്കുന്നില്ലെന്ന് ആരോപിച്ച് ഗൗതമിന്റെ അമ്മ രേഷ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു . നാവികസേനയെ തെരച്ചിലിനായി നിയോഗിക്കണമെന്ന കുടുംബത്തിന്റെ പ്രധാന ആവശ്യമാണ് ഇപ്പോൾ നടപ്പിലായിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന ഗൗതമിന്റെ അച്ഛൻ സുധീറും മുത്തശ്ശനും അപകടത്തിൽ മരണപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories